05:42pm 24 October 2026
NEWS
ഖിയാഫ് പുസ്തകപ്രദർശനത്തിനു തുടക്കമായി
24/10/2026  04:14 PM IST
nila
ഖിയാഫ് പുസ്തകപ്രദർശനത്തിനു തുടക്കമായി

 

കലാഞ്ജലി യൂത്ത് ഫെസ്റ്റിവലിനോടനുബന്ധിച്ച് 
ഖത്തർ ഇന്ത്യൻ ഓതേഴ്‌സ് ഫോറം (QIAF) സംഘടിപ്പിക്കുന്ന പുസ്തകപ്രദർശനം ഐഡിയൽ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ അസം ഖാനും സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (CBSE), ന്യൂഡൽഹി, ഇന്ത്യയുടെ അണ്ടർ സെക്രട്ടറി സാക്ഷി ദവാറും ചേർന്ന് ഉദ്ഘാടനം ചെയ്തു. സ്കൂൾ അസിസ്റ്റന്റ് ഹെഡ്മിസ്ട്രസ് ലിപ്സി സാബുവും ചടങ്ങിൽ സന്നിഹിതയായിരുന്നു.

QIAF ചെയർമാൻ ഹുസൈൻ കടന്നമണ്ണ, പ്രസിഡന്റ് ഡോ. സാബു കെ.സി., ജനറൽ സെക്രട്ടറി തൻസീം കുറ്റ്യാടി, ട്രഷറർ അൻസാർ അരീമ്പ്ര എന്നിവർക്കൊപ്പം ഫോറത്തിന്റെ മറ്റ് ഭാരവാഹികളും അംഗങ്ങളും ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുത്തു.

പ്രദർശനത്തിൽ ഖത്തറിൽ താമസിക്കുന്ന ഇന്ത്യൻ എഴുത്തുകാരുടെ പുസ്തകങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. കഥകൾ, നോവലുകൾ, ഗവേഷണഗ്രന്ഥങ്ങൾ തുടങ്ങി വിവിധ വിഭാഗങ്ങളിലുള്ള മലയാളം, ഇംഗ്ലീഷ് പുസ്തകങ്ങൾ പ്രദർശനത്തിലുണ്ട്. പ്രശസ്തരായ എഴുത്തുകാരുടെ കൃതികൾക്കൊപ്പം വിദ്യാർഥികളായ പുതുതലമുറ എഴുത്തുകാരുടെ പുസ്തകങ്ങളും പ്രദർശനത്തിന്റെ പ്രത്യേകതയാണ്.

വായനക്കാരെയും പുസ്തകപ്രേമികളെയും എഴുത്തുകാരുമായി കൂടുതൽ അടുപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രദർശനം സംഘടിപ്പിച്ചിരിക്കുന്നത്. വിവിധ പുസ്തകങ്ങൾ പരിചയപ്പെടാനും എഴുത്തുകാരുമായി നേരിട്ട് സംവദിക്കാനും സന്ദർശകർക്ക് ഇതിലൂടെ അവസരം ലഭിക്കും.

പ്രദർശനത്തിലെ പുസ്തകങ്ങൾ ശ്രദ്ധാപൂർവം വീക്ഷിച്ച അസം ഖാൻ പുസ്തകങ്ങളുടെ വൈവിധ്യത്തെ അഭിനന്ദിച്ചു. 
സാക്ഷി ദവാറും ഇംഗ്ലീഷ് പുസ്തകങ്ങൾ പരിചയപ്പെടുകയും പ്രദർശനത്തിലെ പുസ്തകശേഖരത്തെ അഭിനന്ദിക്കുകയും ചെയ്തു.

ഒക്ടോബർ 30 വരെ എല്ലാ ദിവസവും വൈകുന്നേരം 5 മുതൽ രാത്രി 9 വരെ പ്രദർശനം ഉണ്ടായിരിക്കുന്നതാണ്. ഇതോടനുബന്ധിച്ച് സാഹിത്യസംവാദങ്ങൾ, കഥപറച്ചിൽ, കവിതാപാരായണം തുടങ്ങി സാഹിത്യവുമായി ബന്ധപ്പെട്ട വിവിധ പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്.
പ്രവേശനം സൗജന്യമാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img